Leave a comment

നമ്മുടെ ഉള്ളിലെ ഈശ്വരന്‍റെ പ്രതീകമാണ് പ്രതിഷ്ഠ


 • നാം തുല്യരാണെന്നല്ല, അതുല്യരാണെന്നാണ് ഭഗവാന്‍ പറയുന്നത്. നീയും ഞാനും ഇക്കാണുന്നതെല്ലാം എന്നും ഉള്ളതാണ്, അവക്കൊന്നിനും ഇല്ലായ്മ എന്നൊന്നില്ല എന്ന് അര്‍ജ്ജുനനോട് പറയുന്നു. എന്തുകൊണ്ടാണെന്നാല്‍ എന്തിന്‍റെയും സ്വരൂപം ഉണ്മയാണ്.

  ഇനി ശരീരതലത്തിലാണെങ്കില്‍ കൗമാരയൗവനജരകള്‍ സംഭവിച്ചതുപോലെ ഒരു മാറ്റമായി മരണവും സംഭവിക്കുന്നു. ധീരന്‍ ഇതില്‍ മോഹിക്കുന്നില്ല. അബോധപൂര്‍വ്വം ഒന്നും ചെയ്യാതിരിക്കുന്നതാണ് ധീരത. സുഖദുഃഖങ്ങളെ സമീകരിച്ച, അവയെ അറിഞ്ഞ പുരുഷനെ ഒന്നും ചലിപ്പിക്കുന്നില്ല. വേദാന്തത്തിലെ പുരുഷ – മാതൃശബ്ദങ്ങള്‍ ആണിനും പെണ്ണിനും ഒന്നുപോലെ ബാധകമാണ്, അവ ലിംഗപരമല്ല.

  ആദ്യം ജനിച്ചതിനുശേഷം ജീവിതമുണ്ടോ എന്നന്വേഷിക്കുക, എന്നിട്ടാവാം മരണാനന്തര ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നത് എന്നതാണ് ഗീതയുടെ കാഴ്ചപ്പാട്.

  എല്ലാറ്റിനേയും നിരീക്ഷിക്കുക. നമ്മുടെ കുട്ടിക്കാലത്തെ മുതിര്‍ന്നശേഷം ഓര്‍ക്കുന്നത്, പഴയ ഫോട്ടോ കണ്ട് അത് ഞാനാണെന്നു പറയുന്നത് ഒക്കെ മാറിനിന്നുള്ള ഒരു നിരീക്ഷണമാണ്. ആ നിരീക്ഷണം വര്‍ത്തമാനകാലത്തിലേക്കും കൊണ്ടുവരിക. കരയണമെന്നു തോന്നുമ്പോള്‍ കരയുക, ചിരിക്കണമെന്നു തോന്നുമ്പോള്‍ ചിരിക്കുക. റോഡില്‍ വണ്ടികയറി മരിക്കാനും തയ്യാറായിരിക്കുക. പ്രകൃതി നല്‍കുന്ന എന്തിനേയും പൂര്‍ണ്ണ മനസ്സോടെ, പരാതികളില്ലാതെ സ്വീകരിക്കുക. ‘എന്നെ കിടത്താതെ വിളിക്കണേ’ എന്ന ആവശ്യം പോലും ഭഗവാനോട് ജ്ഞാനി ഉന്നയിക്കുന്നില്ല.

  രണ്ടു കാലും മുറിച്ചുമാറ്റപ്പെട്ടിട്ടുള്ള ആളോടു ചോദിക്കൂ ഞാന്‍ എന്ന ബോധത്തിന് മുറിവേറ്റിട്ടുണ്ടോ എന്ന്. ഈയൊരു ഉദാഹരണം മതി ഞാന്‍ ശരീരത്തിനപ്പുറമാണെന്നറിയാന്‍. വൃക്ഷത്തിന്‍റെ ജനനം വിത്തിന്‍റെ മരണമല്ല, പൂര്‍ത്തീകരണമാണ്. നമ്മുടെ ആവിഷ്കാരമാണ് മരണം. ശരീരത്തിന്‍റെ നിരന്തരമായ മാറ്റമാണ് ലോകത്ത് നടക്കുന്നത്. ട്രാക്കിലൂടെ പോകുന്ന തീവണ്ടി പോലെയല്ല ജീവിതം. ഗംഗാനദി പോലെയാണ്. കുത്തിമറഞ്ഞ് കലങ്ങി വളഞ്ഞുപുളഞ്ഞ്, ആകെ മാറിമറിഞ്ഞ്, മാറ്റിമറിച്ച് ഒഴുകുന്നു.

  ശരീരത്തിന് നാശമുണ്ട് എന്നത് സത്യമാണ്. പക്ഷേ അതിന്‍റേതായ ധര്‍മ്മങ്ങളുണ്ട്. ഉപനിഷത്തില്‍ പറഞ്ഞ ധര്‍മ്മങ്ങളൊക്കെ എന്നില്‍ സംഭവിക്കണമെങ്കില്‍ എന്‍റെ ഇന്ദ്രിയങ്ങള്‍ സചേതനമായിട്ടിരിക്കണം. ഇന്ദ്രിയങ്ങളെ മുഴുവന്‍ നിഷേധിച്ച്, ശരീരത്തെ നിഷേധിക്കുന്ന ഒരുവന് അത് സാദ്ധ്യമാകില്ല. ഇത് പരസ്പര പൂരകമാണ്.

  അറിവില്‍ ആനന്ദമുണ്ടാകലാണ് ഭാരതീയന്‍റെ ലക്ഷണം. കുറിതൊട്ട് ഭാരത് മാതാ കീ ജയ് വിളിക്കലല്ല. പ്രതികാരഭാവമില്ലാത്ത സഹനം, അറിയല്‍ ആണ് ഗീത പറയുന്നത്. സമുദ്രം പോലെ പര്‍വ്വതം പോലെ നിലകൊള്ളണം. അല്ലാതെ അമ്പലത്തില്‍ പോയിട്ട് കാര്യമില്ല. എന്നെ അറിയാന്‍ ക്ഷേത്രമെന്ന മാര്‍ഗ്ഗം സഹായിക്കുമെന്നതിനാല്‍ , എന്‍റെ ഉള്ളിലെ ദൈവത്തിന്‍റെ പ്രതീകമായിട്ടാണ് പ്രതിഷ്ഠ എന്ന അറിവില്‍ വേണം ക്ഷേത്രത്തില്‍ പോകാന്‍ . ഇവിടെയാണ് നാമിരിക്കേണ്ടത്. നാമിരിക്കേണ്ടിടത്ത് നാമിരിക്കുന്നില്ലെങ്കില്‍ വേറെ പലതും കയറിയിരിക്കും. അതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. വ്യാസഭഗവാന്‍ ഒരു പക്ഷവും ചേരാന്‍ നമ്മോടു പറയുന്നില്ല. നമുക്ക് നമ്മെ കാണാനും അതിലൂടെ ഉയരാനുമാണ് ഗീത. മറ്റുള്ളവരെ അളക്കാനുള്ളതല്ല അത്.

  അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

  പരീക്ഷിത്തിന്‍റെ ജനനവും ശാപവും – ഭാഗവത പാരായണം (12)

  മാതുര്‍ഗര്‍ഭഗതോ വീരസ്സതദാ ഭൃഗുനന്ദന!
  ദദര്‍ശ പുരുഷം കഞ്ചിദ്‌ ദഹ്യമാനോസ്ത്രതേജസാ (1-12-7)
  അംഗുഷ്ഠമാത്രമമലം സ്ഫുരത്പുരടമൗലിനം
  അപീച്യദര്‍ശനം ശ്യാമം തഡിദ്വാസസമച്യുതം (1-12-8)

  ശൗനകൻ പ്രാര്‍ത്ഥിച്ചു:

  അല്ലയോ സൂതാ, ഉത്തരയുടെ ഗര്‍ഭസ്ഥശിശുവിനെ ശ്രീകൃഷ്ണൻ രക്ഷിച്ചുവെന്നുപറഞ്ഞുവല്ലോ. പരീക്ഷിത്തിന്‍റെ ജനനത്തെപ്പറ്റിയും അദ്ദേഹം എന്തൊക്കെ ചെയ്തുവെന്നും ഇനി പറഞ്ഞുതന്നാലും.

  സൂതൻ പറഞ്ഞു:

  അതിഭയങ്കരമായ നാളത്തോടുകൂടിയ ഒരു തീഗോളം ഉത്തരയുടെ വയറ്റിൽക്കിടക്കുന്നു ശിശുവിനെ പീഢിപ്പിച്ചുകൊണ്ടിരിക്കെ കൈവിലരോളം വലിപ്പവും നീലവര്‍ണ്ണവും മഞ്ഞവസ്ത്രധാരിയുമായ ഒരു സത്വം സൂര്യനെപ്പോലെ തിളങ്ങിയും സുവര്‍ണ്ണകിരീടം ധരിച്ചും പ്രത്യക്ഷമായി. അത്‌ ശ്രീകൃഷ്ണഭഗവാൻ തന്നെയായിരുന്നു. ആയുധത്തെ നിര്‍വീര്യമാക്കിയതും ആഗ്നേയാസ്ത്രത്തിന്‍റെ ചൂടിൽനിന്നും തന്നെരക്ഷിച്ചതും ആ സത്വമാണെന്ന് ശിശു മനസിലാക്കി. തീയെല്ലാം അടങ്ങിയപ്പോൾ ശിശുവിന്‍റെ കാഴ്ചയിൽനിന്നും ആ തേജഃപുഞ്ജം മറഞ്ഞുപോയി. പിന്നീട്‌ ഉത്തര നല്ലൊരു മുഹൂര്‍ത്തത്തില്‍ പാണ്ഡവകുലത്തിന്‍റെ അവകാശിയായ ശിശുവിനെ പ്രസവിച്ചു. ശിശുവിന്‍റെ മുത്തച്ഛന്മ‍ാര്‍ സന്തോഷിച്ചു. രാജാവാകട്ടെ കയ്യഴിഞ്ഞ്‌ ദാനധര്‍മ്മങ്ങൾ ചെയ്ത്‌ ഈ അവസരം ആഘോഷിച്ചു.

  നക്ഷത്രനിലകൾ നോക്കിയ ജ്യോത്സ്യന്മ‍ാര്‍ കുട്ടി ഭാവിയിൽ ധര്‍മ്മിഷ്ഠനും മഹാനുമായ രാജാവായിത്തീരുമെന്ന് പ്രവചിച്ചു. ഇഷ്വാകുവിനെപ്പോലെ നീതിമാനായ ഭരണകര്‍ത്താവും രാമനെപ്പോലെ സത്യപരിരക്ഷകനും ശിബിയെപ്പോലെ ദാനശീലനും ഭരതനെപ്പോലെ പ്രശസ്തനും അര്‍ജ്ജുനനെപ്പോലെ വില്ലാളിയും സിംഹത്തെപ്പോലെ വീരനും ഭൂമിയെപ്പോലെ ക്ഷമാശീലനും ബ്രഹ്മാവിനെപ്പോലെ സമബുദ്ധിയും ശിവനെപ്പോലെ ഉന്നതനും വിഷ്ണുവിനെപ്പോലെ സംരക്ഷകനും ശ്രീകൃഷ്ണന്‍റെ ഗുണഗണങ്ങളുളളവനും രന്തിദേവനെപ്പോലെ ദയാവായ്പ്പുളളവനും യയാതിയെപ്പോലെ പാവനചരിതനും ബാലിയെപ്പോലെ ഉരച്ചവനും പ്രഹ്‌ളാദനെപ്പോലെ കൃഷ്ണഭക്തനുമായി പരീക്ഷിത്തു രാജ്യം ഭരിച്ചു. ദുഷ്ടശക്തികളെ മുഴുവൻ കീഴ്പ്പെടുത്താനും അദ്ദേഹത്തിനു കഴിഞ്ഞു.

  കാലമേറെക്കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്‌ ബ്രാഹ്മണശാപം ഏൽക്കാനിടയായി. അതുമൂലം സര്‍പ്പദംശനമേറ്റ‍ുളള മരണം തീര്‍ച്ചയായിരുന്നു. മരണം കാത്തുകിടക്കുമ്പോൾ രാജാവ്‌ സര്‍വ്വസമ്പൽസമൃദ്ധികളുമുപേക്ഷിച്ച്‌ ഭഗവൽക്കഥകൾ കേൾക്കുന്നുതില്‍ മാത്രം ഉത്സുകനായിക്കഴിഞ്ഞു. കഥകൾ പറഞ്ഞുകൊടുത്തത്‌ മഹാമുനിയായ ശുകൻതന്നെയായിരുന്നു. അങ്ങിനെ ഭഗവൽച്ചരണങ്ങളില്‍ മനസ്സുറപ്പിച്ച്‌ രാജാവ്‌ ഭൗതികശരീരത്തെ ഉപേക്ഷിക്കുകയാണുണ്ടായത്‌. ജനനസമയത്ത്‌ വിഷ്ണുവിനാൽ പരിരക്ഷിക്കപ്പെട്ടവനായതുകൊണ്ട്‌ അദ്ദേഹം വിഷ്ണുരാതനെന്ന പേരിലും അറിയപ്പെടുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വെച്ചുകണ്ട ആ തോജോരൂപത്തെ തുടര്‍ന്നും ജീവിതകാലം മുഴുവൻ അന്വേഷിച്ചിരുന്നതുകൊണ്ട്‌ അദ്ദേഹത്തെ പരീക്ഷിത്ത്‌ എന്നും വിളിക്കുന്നു. ( പരീക്ഷിത്ത്‌ – എന്തിനെങ്കിലും വേണ്ടി നിരന്തരം തേടിക്കൊണ്ടിരിക്കുന്നുയാൾ)

  അവലംബം : ശ്രീമദ് ഭാഗവതം നിത്യപാരായണം

  ശൂര്‍പ്പണഖാവിലാപം – ആരണ്യകാണ്ഡം MP3 (47)

  ഇവിടെ MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

  ഇവിടെ കേള്‍ക്കൂ. Download audio file (047_Soorpanakha_Vilaapam.mp3)

  ശൂര്‍പ്പണഖാവിലാപം

  രാവണഭഗിനിയും രോദനംചെയ്തു പിന്നെ
  രാവണനോടു പറഞ്ഞീടുവാന്‍ നടകൊണ്ടാള്‍.
  സാക്ഷാലഞ്ജനശൈലംപോലെ ശൂര്‍പ്പണഖയും
  രാക്ഷസരാജന്‍മുമ്പില്‍ വീണുടന്‍മുറയിട്ടാള്‍.
  മുലയും മൂക്കും കാതും കൂടാതെ ചോരയുമാ-
  യലറും ഭഗിനിയോടവനുമുരചെയ്‌താന്‍:
  “എന്തിതു വത്സേ! ചൊല്ലീടെന്നോടു പരമാര്‍ത്ഥം
  ബന്ധമുണ്ടായതെന്തു വൈരൂപ്യം വന്നീടുവാന്‍?
  ശക്രനോ കൃതാന്തനോ പാശിയോ കുബേരനോ
  ദുഷ്‌കൃതംചെയ്തതവന്‍തന്നെ ഞാനൊടുക്കുവന്‍.
  സത്യംചൊ”ല്ലെന്നനേരമവളുമുരചെയ്താ-
  “ളെത്രയും മൂഢന്‍ ഭവാന്‍ പ്രമത്തന്‍ പാനസക്തന്‍
  സ്ത്രീജിതനതിശഠനെന്തറിഞ്ഞിരിക്കുന്നു?
  രാജാവെന്നെന്തുകൊണ്ടു ചൊല്ലുന്നു നിന്നെ വൃഥാ?
  ചാരചക്ഷുസ്സും വിചാരവുമില്ലേതും നിത്യം
  നാരീസേവയുംചെയ്‌തു കിടന്നീടെല്ലായ്‌പോഴും.
  കേട്ടതില്ലയോ ഖരദൂഷണത്രിശിരാക്കള്‍
  കൂട്ടമേ പതിന്നാലായിരവും മുടിഞ്ഞതും?
  പ്രഹരാര്‍ദ്ധേന രാമന്‍ വേഗേന ബാണഗണം
  പ്രഹരിച്ചൊടുക്കിനാനെന്തൊരു കഷ്‌ടമോര്‍ത്താല്‍ .”
  എന്നതു കേട്ടു ചോദിച്ചീടിനാന്‍ ദശാനന-
  നെന്നോടു ചൊല്ലീ’ടേവന്‍ രാമനാകുന്നതെന്നും
  എന്തൊരുമൂലമവന്‍ കൊല്ലുവാനെന്നുമെന്നാ-
  ലന്തകന്‍തനിക്കു നല്‌കീടുവനവനെ ഞാന്‍.’
  സോദരി ചൊന്നാളതുകേട്ടു രാവണനോടു
  “യാതുധാനാധിപതേ! കേട്ടാലും പരമാര്‍ത്ഥം.
  ഞാനൊരുദിനം ജനസ്ഥാനദേശത്തിങ്കല്‍ നി-
  ന്നാനന്ദംപൂണ്ടു താനേ സഞ്ചരിച്ചീടുംകാലം
  കാനനത്തൂടെ ചെന്നു ഗൗതമീതടം പുക്കേന്‍;
  സാനന്ദം പഞ്ചവടി കണ്ടു ഞാന്‍ നില്‌ക്കുന്നേരം.
  ആശ്രമത്തിങ്കല്‍ തത്ര രാമനെക്കണ്ടേന്‍ ജഗ-
  ദാശ്രയഭൂതന്‍ ജടാവല്‌ക്കലങ്ങളും പൂണ്ടു
  ചാപബാണങ്ങളോടുമെത്രയും തേജസ്സോടും
  താപസവേഷത്തോടും ധര്‍മ്മദാരങ്ങളോടും
  സോദരനായീടുന്ന ലക്ഷ്മണനോടുംകൂടി
  സ്സാദരമിരിക്കുമ്പോളടുത്തുചെന്നു ഞാനും.
  ശ്രീരാമോത്സംഗേ വാഴും ഭാമിനിതന്നെക്കണ്ടാല്‍
  നാരികളവ്വണ്ണം മറ്റില്ലല്ലോ ലോകത്തിങ്കല്‍.
  ദേവഗന്ധര്‍വ്വനാഗമാനുഷനാരിമാരി-
  ലേവം കാണ്മാനുമില്ല കേള്‍പ്പാനുമില്ല നൂനം.
  ഇന്ദിരാദേവിതാനും ഗൗരിയും വാണിമാതു-
  മിന്ദ്രാണിതാനും മറ്റുളളപ്സരസ്ത്രീവര്‍ഗ്ഗവും
  നാണംപൂണ്ടൊളിച്ചീടുമവളെ വഴിപോലെ
  കാണുമ്പോളനംഗനും ദേവതയവളല്ലോ.
  തല്‍പതിയാകും പുരുഷന്‍ ജഗല്‍പതിയെന്നു
  കല്‍പിക്കാം വികല്‍പമില്ലല്‍പവുമിതിനിപ്പോള്‍.
  ത്വല്‍പത്നിയാക്കീടുവാന്‍ തക്കവളവളെന്നു
  കല്‍പിച്ചുകൊണ്ടിങ്ങു പോന്നീടുവാനൊരുമ്പെട്ടേന്‍.
  മല്‍കുചനാസാകര്‍ണ്ണച്ഛേദനം ചെയ്താനപ്പോള്‍
  ലക്ഷ്‌മണന്‍ കോപത്തോടെ രാഘവനിയോഗത്താല്‍.
  വൃത്താന്തം ഖരനോടു ചെന്നു ഞാനറിയിച്ചേന്‍
  യുദ്ധാര്‍ത്ഥം നക്തഞ്ചരാനീകിനിയോടുമവന്‍
  രോഷവേഗേന ചെന്നു രാമനോടേറ്റനേരം
  നാഴിക മൂന്നേമുക്കാല്‍കൊണ്ടവനൊടുക്കിനാന്‍.
  ഭസ്‌മമാക്കീടും പിണങ്ങീടുകില്‍ വിശ്വം ക്ഷണാല്‍
  വിസ്‌മയം രാമനുടെ വിക്രമം വിചാരിച്ചാല്‍!
  കന്നല്‍നേര്‍മിഴിയാളാം ജാനകിദേവിയിപ്പോള്‍
  നിന്നുടെ ഭാര്യയാകില്‍ ജന്മസാഫല്യം വരും.
  ത്വത്സകാശത്തിങ്കലാക്കീടുവാന്‍ തക്കവണ്ണ-
  മുത്സാഹം ചെയ്തീടുകിലെത്രയും നന്നു ഭവാന്‍.
  തത്സാമര്‍ത്ഥ്യങ്ങളെല്ലാം പത്മാക്ഷിയാകുമവ-
  ളുത്സംഗേ വസിക്കകൊണ്ടാകുന്നു ദേവാരാതേ!
  രാമനോടേറ്റാല്‍ നില്‍പാന്‍ നിനക്കു ശക്തിപോരാ
  കാമവൈരിക്കും നേരേ നില്‌ക്കരുതെതിര്‍ക്കുമ്പോള്‍.
  മോഹിപ്പിച്ചൊരുജാതി മായയാ ബാലന്മാരെ
  മോഹനഗാത്രിതന്നെക്കൊണ്ടുപോരികേയുളളു.”
  സോദരീവചനങ്ങളിങ്ങനെ കേട്ടശേഷം
  സാദരവാക്യങ്ങളാലാശ്വസിപ്പിച്ചു തൂര്‍ണ്ണം
  തന്നുടെ മണിയറതന്നിലങ്ങകംപുക്കാന്‍
  വന്നതില്ലേതും നിദ്ര ചിന്തയുണ്ടാകമൂലം.
  ‘എത്രയും ചിത്രം ചിത്രമോര്‍ത്തോളമിദമൊരു
  മര്‍ത്ത്യനാല്‍ മൂന്നേമുക്കാല്‍ നാഴികനേരംകൊണ്ടു
  ശക്തനാം നക്തഞ്ചരപ്രവരന്‍ ഖരന്‍താനും
  യുദ്ധവൈദഗ്‌ദ്ധ്യമേറും സോദരരിരുവരും
  പത്തികള്‍ പതിന്നാലായിരവും മുടിഞ്ഞുപോല്‍!
  വ്യക്തം മാനുഷനല്ല രാമനെന്നതു നൂനം.
  ഭക്തവത്സലനായ ഭഗവാന്‍ പത്മേക്ഷണന്‍
  മുക്തിദാനൈകമൂര്‍ത്തി മുകുന്ദന്‍ മുക്തിപ്രിയന്‍
  ധാതാവു മുന്നം പ്രാര്‍ത്ഥിച്ചോരു കാരണമിന്നു
  ഭൂതലേ രഘുകുലേ മര്‍ത്ത്യനായ്‌ പിറന്നിപ്പോള്‍
  എന്നെക്കൊല്ലുവാനൊരുമ്പെട്ടു വന്നാനെങ്കിലോ
  ചെന്നു വൈകുണ്‌ഠരാജ്യം പരിപാലിക്കാമല്ലോ.
  അല്ലെങ്കിലെന്നും വാഴാം രാക്ഷസരാജ്യ,മെന്നാ-
  ലല്ലലില്ലൊന്നുകൊണ്ടും മനസി നിരൂപിച്ചാല്‍.
  കല്യാണപ്രദനായ രാമനോടേല്‌ക്കുന്നതി-
  നെല്ലാജാതിയും മടിക്കേണ്ട ഞാനൊന്നുകൊണ്ടും.
  ഇത്ഥമാത്മനി ചിന്തിച്ചുറച്ചു രക്ഷോനാഥന്‍
  തത്വജ്ഞാനത്തോടുകൂടത്യാനന്ദവും പൂണ്ടാന്‍.
  സാക്ഷാല്‍ ശ്രീനാരായണന്‍ രാമനെന്നറിഞ്ഞഥ
  രാക്ഷസപ്രവരനും പൂര്‍വ്വവൃത്താന്തമോര്‍ത്താന്‍.
  ‘വിദ്വേഷബുദ്ധ്യാ രാമന്‍തന്നെ പ്രാപിക്കേയുളളു
  ഭക്തികൊണ്ടെന്നില്‍ പ്രസാദിക്കയില്ലഖിലേശന്‍.’

  This posting includes an audio/video/photo media file: Download Now

Advertisements

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: