Leave a comment

ഇത് എന്റേത് അല്ല, ഞാന്‍ പോലും എന്റേതല്ല

കച്ചവടമനസ്സിന് യജ്ഞഭാവം ഒരിക്കലും കൈവരില്ല. നാമെല്ലാം കച്ചവടമനസ്സോടെ കാണുന്നു, പൂക്കളെപ്പോലും. ജനിക്കാത്ത നമ്മളെ ഒന്നാലോചിക്കൂ. നമുക്കുവേണ്ടി ജലം, മണ്ണ്, വായു, സൂര്യന്‍ ഒക്കെ എന്തൊക്കെ ചെയ്തു? അത്ര വലിയ യജ്ഞത്തിലൂടെയാണ്, പലതിന്റെയും നിസ്വാര്‍ത്ഥ സമര്‍പ്പണത്തിലൂടെയാണ് നാം വന്നത്.

ഇത് എന്റേത് അല്ല, ഞാന്‍ പോലും എന്റേതല്ല. ഞാന്‍ വിശ്വത്തിനവകാശപ്പെട്ടതാണ്, കാരണം വിശ്വമാണ് നമ്മെ സൃഷ്ടിച്ചത്. ഇതാണ് യജ്ഞം. ഇഷ്ടിക നിരത്തി ‘സ്വാഹ’ പറയലല്ല യജ്ഞം. കര്‍മ്മത്തില്‍ നിന്ന് യജ്ഞവും യജ്ഞത്തില്‍ നിന്ന് മഴയും അതില്‍ നിന്ന് അന്നവും ഉണ്ടാകുന്നു. അന്നത്തില്‍ നിന്നാണ് ഭവിച്ചതെല്ലാം ഉണ്ടായത്. അന്നമാണ് മനസ്സ്. ആ തേജസ്സോടുകൂടിയതാണ് വാക്ക്.

കര്‍മ്മം ബ്രഹ്മത്തില്‍ നിന്നുണ്ടായി. ബ്രഹ്മം അക്ഷയമായ (നാശമില്ലാത്ത) പരമാത്മാവില്‍ നിന്ന് ഉത്ഭവിച്ചു. എല്ലായിടത്തും നിറഞ്ഞുനില്‍ക്കുന്ന ബ്രഹ്മം അതുകൊണ്ട് യജ്ഞത്തില്‍ പ്രതിഷ്ഠിതമായിരിക്കുന്നു.

ഈ കര്‍മ്മചക്രത്തെ അനുഷ്ഠിക്കാത്തവന്റെ ജീവിതം നിഷ്ഫലമാണ്. ഇതറിഞ്ഞവന് എന്തെങ്കിലുമൊക്കെ ചെയ്തിട്ട് നേടാനോ, ചെയ്യാതിരുന്നിട്ട് നഷ്ടപ്പെടാനോ ഒന്നുമില്ല. അവനാണ് കര്‍മ്മം, അവനാണ് കര്‍മ്മഫലം. എടുക്കുക, കൊടുക്കുക എന്ന വ്യാപാര മനസ്സ് അവിടെ ഇല്ല.

നമുക്കെന്താണോ ഈ പ്രപഞ്ചം നല്‍കിയിട്ടുള്ളത് അതിനെ തട്ടിമാറ്റാതിരിക്കുക, മറ്റുള്ളവന് കിട്ടിയതിലേക്ക് എത്തിപ്പിടിക്കാതിരിക്കുക. അതിനാല്‍ സംഗമില്ലാതെ എല്ലായ്പ്പോഴും ചെയ്യേണ്ടതായിട്ടുള്ള കര്‍മ്മങ്ങളെ നല്ലവണ്ണം ചെയ്താല്‍ മുക്തിയെ പ്രാപിക്കും. എന്തു ചെയ്യുന്നു എന്നല്ല, എങ്ങനെ ചെയ്യുന്നു എന്നതാണ് കാര്യം. കര്‍മ്മത്തെ പൂജയാക്കുക.

ഈശ്വരന്‍ വസ്തുക്കളിലോ, വസ്തുക്കള്‍ ഈശ്വരനിലോ അല്ലെന്ന് സ്വാമി വിശദീകരിച്ചു. എല്ലാം ഈശ്വരനാണ്. നാമരൂപാദികള്‍ മാറ്റിയാല്‍ എന്താണോ അവശേഷിക്കുന്നത് അതാണ് സത്യം. നാമരൂപാദികള്‍ സത്യത്തെ മറച്ചിരിക്കുകയാണ്. ആത്മബോധത്തിലൊഴിച്ച് മറ്റെല്ലായിടത്തും എല്ലാം വ്യത്യസ്തമാണ്.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

ഭഗവാന്‍റെ അവതാര വര്‍ണ്ണന – ഭാഗവത പാരായണം (27)

യേഷാം സ ഏവ ഭഗവാൻ ദയയേദനന്ത
സര്‍വാത്മനാ ശ്രിതപദോ യദി നിര്‍വ്യളീകം
തേ ദുസ്തരാമതിതരന്തി ച ദേവമായാം
നൈഷാം മമാഹമിതി ധീഃ ശ്വസൃഗാലഭക്ഷ്യേ (2-7-42)

സൃഷ്ടികര്‍ത്താവായ ബ്രഹ്മാവുതുടര്‍ന്നു:

മനുഷ്യലോകത്തില്‍ ഭഗവാൻ എടുത്തിട്ടുളള അവതാരങ്ങളെപ്പറ്റി ഞാൻ ചുരുക്കത്തില്‍ വിവരിച്ചു തരാം.ഹിരണ്യാക്ഷന്‍റെ ദുശ്ശക്തിയെ വെല്ലാൻ ഒരു പന്നിയായി അവതരിച്ച്‌, താഴ്ന്നുപോയ ഭൂമിയെ ഭഗവാൻ ഉയര്‍ത്തിക്കൊണ്ടുവന്നു. ലോകത്തിന്‍റെ ദുഃഖശാന്തിക്കായി പലപ്പോഴുമായി ഭഗവാനവതരിച്ചു.

കപിലമുനിയായിവന്നു്‌ ജ്ഞാനമാര്‍ഗ്ഗത്തെ കാണിച്ചുതന്നു. ദത്താത്രേയനായി വന്നു്‌ പല രാജാക്കൻമാര്‍ക്കും ഈശ്വരസാക്ഷാത്ക്കാരത്തിനു വേണ്ട ഉപദേശങ്ങൾ നൽകി. ഞാൻ തപസ്സിലായിരുന്നുപ്പോൾ ലോകം മറഞ്ഞു പോയ സത്യതത്വങ്ങളെ സനത്കുമാരന്മ‍ാരുടെ രൂപത്തില്‍ വന്നു പ്രഖ്യാപിച്ചു. നരനായും നാരായണനായും വന്നു്‌ സന്യാസവൃത്തിയുടെ പരമോന്നതി എന്തെന്നും കാമക്രോധങ്ങളെ ജയിക്കുന്നതെങ്ങിനെയന്നും വെളിപ്പെടുത്തി. അദ്ദേഹം ധ്രുവനെ അനുഗ്രഹിച്ചു. ഭൂമിക്കടിയിലെ നിധിയെടുക്കാൻ പ്രഥുവായി അവതരിച്ചു. ഋഷഭനായി സന്യാസിവര്യന്മ‍ാരുടെ ശ്രേഷ്ഠതക്കുദാഹരണമായി. ഹയഗ്രീവനായി വന്നു്‌ വേദങ്ങൾ ഉഛ്വാസവായുപോലെ ഉരുവിട്ടു. ലോകവും വേദങ്ങളും രക്ഷിക്കാൻ മത്സ്യാവതാരമെടുത്തു. ദിവ്യനായ ഒരാമയുടെ രൂപത്തില്‍ വന്നു്‌ പാലാഴി കടയാനുപയോഗിച്ച പര്‍വ്വതത്തെ താങ്ങിനിര്‍ത്തി
.
നരസിംഹമായി വന്നു്‌ ദേവതകളുടെ ഭയത്തെ അകറ്റി ഹിരണ്യകശിപുവിനു മോക്ഷമേകി. മുതലയുടെ
പിടിയിലകപ്പെട്ട ഗജേന്ദ്രന്‌ രക്ഷയേകി. കുളളനായി ബ്രാഹ്മണവേഷത്തില്‍ അവതരിച്ച്‌ ഭൂമിയും സ്വര്‍ഗ്ഗവും കാലുകൊണ്ടളന്ന് മഹാബലിക്ക്‌ മോക്ഷമേകുകയും ചെയ്തു. ആ ഭഗവാനുപോലും എളിമ അലങ്കാരമാണെന്ന് അങ്ങിനെ അറിയപ്പെട്ടു. ഹംസമായിവന്നു്‌ നാരദാ, നിന്നെ ഭക്തിസൂത്രം പഠിപ്പിച്ചു. ഓര്‍ക്കുന്നുമാത്രയിൽ സര്‍വ്വരോഗങ്ങളില്‍ നിന്നും മുക്തി കിട്ടാൻ പര്യാപ്തമായ ധന്വന്തരിയായും അവിടുന്നവതരിച്ചു. ദുഷ്ടരാജാക്കന്മ‍ാരെ വകവരുത്താനായി പരശുരാമനായി അദ്ദേഹം. രാവണഗര്‍വ്വമടക്കാൻ ശ്രീരാമനായി. രാക്ഷസാവതാരങ്ങളായ ദുഷ്ടരാജാക്കന്മ‍ാരാൽ ഭൂമിക്കുണ്ടായ ഭാരംതീര്‍ക്കാൻ ബലരാമനും ശ്രീകൃഷ്ണനുമായി. വ്യാസഭഗവാനായിവന്ന് വേദങ്ങൾക്ക്‌ ലളിതഭാഷ്യം ചമച്ച്, ബുദ്ധി കുറഞ്ഞവര്‍ക്കുപോലും വേദാദ്ധ്യയനത്തിനവസരം നൽകി. രാക്ഷസന്മ‍ാര്‍ പറക്കുന്നു കൊട്ടാരങ്ങളില്‍നിന്നും മനുഷ്യരെ നശിപ്പിക്കാൻ തുടങ്ങുമ്പോൾ ആ ഭഗവാൻ രക്ഷക്കെത്തും. ഇനി കൽക്കിയായി അവതരിച്ച്‌ കലികാലത്തിന്‍റെ ദുഷ്പ്രവണതകളെ (ഭഗവൽനാമമഹിമാകഥനത്തിന്‌ മുടക്കംവരിക തുടങ്ങിയവ) അദ്ദേഹം നിശേഷമില്ലാതാക്കും.

ഇതൊക്കെയാണാ മായയുടെ മഹിമ. നായ്ക്കൾക്കും കുറുക്കനും തിന്നാനുതകുന്നു ഈ ശരീരത്തെ ആത്മാവെന്നു കരുതാതെ സര്‍വ്വസ്വവും ഭഗവൽപാദങ്ങളര്‍പ്പിക്കുന്നുവര്‍ക്കു മാത്രമേ ഭഗവൽമായയെ തരണംചെയ്യാനൂതകുന്നു അനുഗ്രഹവര്‍ഷം ലഭിക്കൂ. അവര്‍ക്ക്‌ സര്‍വ്വതും സര്‍വ്വേശ്വരൻ തന്നെയാണ് സാക്ഷാത്ക്കാരം ലഭിക്കുന്നു. മായാസമുദ്രം കടക്കാൻ പാപജീവികൾക്കും മൃഗങ്ങൾക്കും പക്ഷികൾക്കുപോലും സാദ്ധ്യമത്രെ. ശരിയായഭക്തിയിലൂടെ വേദശാസ്ത്രങ്ങളനുസരിച്ചു ജീവിക്കുന്ന ഏതൊരു ജീവിക്കും ഇതുസാദ്ധ്യമാണ്‌. നാരദാ, ഇതാണുഭാഗവതത്തിന്‍റെ സാരസംക്ഷിപ്തം. ഭഗവാനിൽനിന്നു ഞാനിതു നേരിട്ടരറിഞ്ഞതാണ്‌. ഇനി നീയിതിനെ വേണ്ടരീതിയിൽ വ്യാഖ്യാനിച്ച്‌ വിവരിക്കേണ്ടിയിരിക്കുന്നു. ഇതു പറയുന്നവര്‍ക്കും കേൾക്കുന്നുവര്‍ക്കും മായയുടെ പിടിയിൽ കുരുങ്ങിക്കിടക്കേണ്ടതായി വരുന്നില്ല തന്നെ.

അവലംബം : ശ്രീമദ് ഭാഗവതം നിത്യപാരായണം

ബാലിസുഗ്രീവയുദ്ധം – കിഷ്കിന്ദാകാണ്ഡം (62)

ഇവിടെ MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

ഇവിടെ കേള്‍ക്കൂ. Download audio file (062_Balisugreeva_Yudham.mp3)

ബാലിസുഗ്രീവയുദ്ധം

സത്യസ്വരൂപന്‍ ചിരിച്ചരുളിച്ചെയ്തു:
“സത്യമത്രേ നീ പറഞ്ഞതെടോ സഖേ!
ബാലിയെച്ചെന്നു വിളിക്ക യുദ്ധത്തിനു
കാലം കളയരുതേതുമിനിയെടോ!
ബാലിയെക്കൊന്നു രാജ്യാഭിഷേകംചെയ്‌തു
പാലനംചെയ്തുകൊള്‍വന്‍ നിന്നെ നിര്‍ണ്ണയം.”

അര്‍ക്കാത്മജനതു കേട്ടു നടന്നിതു
കിഷ്കിന്ധയാം പുരി നോക്കി നിരാകുലം,
അര്‍ക്കകുലോത്ഭവന്മാരായ രാമനും
ലക്ഷ്‌മണവീരനും മന്ത്രികള്‍ നാല്‍വരും.
മിത്രജന്‍ ചെന്നു കിഷ്കിന്ധാപുരദ്വാരി
യുദ്ധത്തിനായ്‌വിളിച്ചീടിനാന്‍ ബാലിയെ.
പൃത്ഥ്വീരുഹവും മറഞ്ഞു നിന്നീടിനാര്‍
മിത്രഭാവേന രാമാദികളന്നേരം.
ക്രൂദ്ധനാം ബാലിയലറിവന്നീടിനാന്‍
മിത്രതനയനും വക്ഷസി കുത്തിനാന്‍.
വൃത്രാരിപുത്രനും മിത്രതനയനെ-
പ്പത്തുനൂറാശു വലിച്ചുകുത്തീടിനാന്‍.
ബദ്ധരോഷേണ പരസ്പരം തമ്മിലെ
യുദ്ധമതീവ ഭയങ്കരമായിതു.
രക്തമണിഞ്ഞേകരൂപധരന്മാരായ്‌
ശക്തികലര്‍ന്നവരൊപ്പം പൊരുന്നേരം
മിത്രാത്മജനേതു വൃത്രാരിപുത്രനേ-
തിത്ഥം തിരിച്ചറിയാവല്ലൊരുത്തനും.
മിത്രവിനാശനശങ്കയാ രാഘവ-
നസ്‌ത്രപ്രയോഗവുംചെയ്തീലതുനേരം.
വൃത്രാരിപുത്രമുഷ്‌ടിപ്രയോഗംകൊണ്ടു
രക്തവും ഛര്‍ദ്ദിച്ചു ഭീതനായോടിനാന്‍
മിത്രതനയനും സത്വരമാര്‍ത്തനായ്‌;
വൃത്രാരിപുതനുമാലയംപുക്കിതു.
വിത്രസ്തനായ്‌വന്നു മിത്രതനയനും
പൃത്ഥ്വീരുഹാന്തികേ നിന്നരുളീടിന
മിത്രാന്വയോല്‍ഭൂതനാകിയ രാമനോ-
ടെത്രയുമാര്‍ത്ത്യാ പരുഷങ്ങള്‍ ചൊല്ലിനാന്‍:
“ശത്രുവിനെക്കൊണ്ടു കൊല്ലിക്കയോ തവ
ചിത്തത്തിലോര്‍ത്തതറിഞ്ഞീല ഞാനയ്യോ!
വദ്ധ്യനെന്നാകില്‍ വധിച്ചുകളഞ്ഞാലു-
മസ്‌ത്രേണ മാം നിന്തിരുവടി താന്‍തന്നെ.
സത്യം പ്രമാണമെന്നോര്‍ത്തേ,നതും പുന-
രെത്രയും പാരം പിഴച്ചു ദയാനിധേ!
സത്യസന്ധന്‍ ഭവാനെന്നു ഞാനോര്‍ത്തതും
വ്യര്‍ത്ഥമത്രേ ശരണാഗതവത്സല!”
മിത്രാത്മജോക്തികളിത്തരമാകുലാല്‍
ശ്രുത്വാ രഘൂത്തമനുത്തരം ചൊല്ലിനാന്‍
ബദ്ധാശ്രുനേത്രനായാലിംഗനംചെയ്‌തു:
“ചിത്തേ ഭയപ്പെടായ്കേതും മമ സഖേ!
അത്യന്തരോഷവേഗങ്ങള്‍ കലര്‍ന്നൊരു
യുദ്ധമദ്ധ്യേ ഭവാന്മാരെത്തിരിയാഞ്ഞു
മിത്രഘാതിത്വമാശംക്യ ഞാനന്നേരം
മുക്തവാനായതില്ലസ്‌ത്രം ധരിക്ക നീ.
ചിത്തഭ്രമം വരായ്‌വാനൊരടയാളം
മിത്രാത്മജ! നിനക്കുണ്ടാക്കുവനിനി.
ശത്രുവായുളേളാരു ബാലിയെസ്സത്വരം
യുദ്ധത്തിനായ്‌ വിളിച്ചാലും മടിയാതെ.
വൃത്രവിനാശനപുത്രനാമഗ്രജന്‍
മൃത്യുവശഗനെന്നുറച്ചീടു നീ.
സത്യമിദമഹം രാമനെന്നാകിലോ
മിത്ഥ്യയായ്‌വന്നുകൂടാ രാമഭാഷിതം.”
ഇത്ഥം സമാശ്വാസ്യ മിത്രാത്മജം രാമ-
ഭദ്രന്‍ സുമിത്രാത്മജനോടു ചൊല്ലിനാന്‍:
“മിത്രാത്മജഗളേ പുഷ്പമാല്യത്തെ നീ
ബദ്ധ്വാ വിരവോടയയ്ക്ക യുദ്ധത്തിനായ്‌.”
ശത്രുഘ്നപൂര്‍വജന്‍ മാല്യവും ബന്ധിച്ചു
മിത്രാത്മജനെ മോദാലയച്ചീടിനാന്‍.

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: